ചന്തുവിനെ തോല്‍പ്പിക്കാനാകില്ല

ഒരു ശനിയഴ്ച, ഫോണിന്റെ നിലവിളി ശബ്ദം കേട്ട് കൊണ്ടാണ് ഉണര്‍ന്നത്. ഏതു @@@@ മോനാണ് ഈ നേരത്ത് വിളിക്കുന്നത്‌ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു.

“ഹലോ”

“ഹലോ, അബ്ദു അല്ലേ?” അങ്ങേതലക്കല്‍ ഒരു കിളിനാദം

കിളിനാദം തന്ന ഊര്‍ജ്ജത്തില്‍ എന്റെ ഉറക്കം എവിടെയോ പോയി മറഞ്ഞു. ഞാന്‍  ശബ്ദം ശെരിയാക്കി കൊണ്ട് പറഞ്ഞു.
“അതെ, ആരാ?”

“ഞാന്‍ ദേവിക ആണ്. ഓര്‍മയുണ്ടോ?”

മനസ്സിലെ ഡാറ്റാബേസ് മൊത്തം ചികഞ്ഞിട്ടും, അങ്ങനെ ഒരു പേരു കിട്ടാത്തതിനാല്‍, ഞാന്‍ അല്‍പം വൈകി മറുപടി പറഞ്ഞു.

“ക്ഷമിക്കണം, എനിക്ക് മനസ്സിലായില്ല”

“ദേവു, എന്നു പറഞ്ഞാല്‍ മനസ്സിലാകുമോ”

“ആ ദേവു, നീ ആയിരുന്നോ, ഏത് ദേവിക എന്നാണ് ഞാന്‍ ആലോചിച്ചോണ്ടിരുന്നത്. നീ എന്താ ഇത്ര രാവിലെ?” ആളെ മനസ്സിലായില്ലെങ്കിലും ഞാന്‍ തട്ടി വിട്ടു
“രാവിലെയോ? മണി പതിനൊന്നു കഴിഞ്ഞു. സാറ് ഇതുവരെ ഉറക്കമെണീറ്റില്ല അല്ലേ”

“ശനിയാഴ്ച അല്ലേ, അത് വിട്. നീ ഇപ്പൊ എവിടെയാ? കുറേക്കാലം ആയല്ലോ ഒരു വിവരവും ഇല്ല”

“ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. നീ ഇപ്പോഴും തിരുവനന്തപുരത്ത് തന്നെയല്ലേ ?”

“അതെ. പിന്നെ, എന്തുണ്ട് വിശേഷം?”

“ഒരു ചെറിയ വിശേഷമുണ്ട്‌. എന്റെ കല്യാണമാണ്”

“ഓഹോ, അപ്പൊ ചിലവുണ്ടേ”

“തീറ്റ, എന്ന ഒറ്റ വിചാരം മാത്രമേ ഇപ്പോഴും ഉള്ളൂ അല്ലേ? നീ ഒരു കാര്യം ചെയ്യ് തലേന്നു തന്നെ പോര്”

“എന്നു, എപ്പോള്‍, എവിടെ വെച്ചു?”

“എല്ലാ വിവരങ്ങളും ചേര്‍ത്ത് കത്തിടാം”

“കത്തോ?”

“അതേ, ഇമെയിലിനെ നിന്റെ ഭാഷയില്‍ പറഞ്ഞെന്നേ ഉള്ളു”

“ഓ അങ്ങനെ, അപ്പൊ ശെരി കത്തിട്ടോളൂ, വിലാസം അറിയാമല്ലോ അല്ലേ?”

“പഴയത് തന്നെയല്ലേ? മാറിയിട്ടില്ലല്ലോ?”

“ഇല്ല”

“അപ്പൊ ശെരി. നീ ഉറക്കം തുടര്‍ന്നോളൂ” ഇത് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ടാക്കി

ആളെ മനസ്സിലായി എന്നൊക്കെ തട്ടി വിട്ടെങ്കിലും, ആരാണ് വിളിച്ചത് എന്നതായിരുന്നു എന്റെ ചിന്ത മുഴുവന്‍. എത്ര ആലോചിട്ടും ആളെ പിടികിട്ടാഞ്ഞപ്പോള്‍ സക്കര്‍ബര്‍ഗ് അണ്ണനെ മനസ്സില്‍ ധ്യാനിച്ച് കമ്പ്യൂട്ടറിന് മുന്നിലേക്ക്‌ പോയി. ഫേസ്ബുക്കില്‍ ദേവിക  എന്നു സെര്‍ച്ച്‌ ചെയ്തു. ഒരുപാട് ദേവികമാരുടെ പ്രൊഫൈല്‍ കിട്ടിയെങ്കിലും എനിക്ക് പരിചയമുള്ള ആരും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.

സക്കര്‍ബര്‍ഗ് അണ്ണന്‍ കൈ വിട്ട സ്ഥിതിക്ക് ഇനി ഒരാള്‍ക്കേ സഹായിക്കാന്‍ കഴിയൂ, പെണ്പിള്ളേരുടെ സഞ്ചരിക്കുന്ന ഡാറ്റാബേസ് ആയ സ്ത്രീക്കുട്ടന്‍ എന്ന ശ്രീകുട്ടന്.

അപ്പൊ തന്നെ ഫോണ്‍ എടുത്തു ശ്രീക്കുട്ടനെ വിളിച്ചു.

“ഹലോ”

“ഡാ ശ്രീ, ഞാനാ അബ്ദു”

“എന്താടേ പതിവില്ലാതെ?”

“അളിയാ ഒരു സഹായം വേണം”

“ങേ!!!, നിനക്കോ? എന്ത് സഹായം?”

“ആരാടാ നമ്മുടെ കൂടെ പഠിച്ച ദേവിക?”

“നമ്മുടെ കൂടെയോ?, അതിനു നമ്മള്‍ ഒരുമിച്ചല്ലല്ലോ പഠിച്ചത്”

“ശെരി. എന്റെ കൂടെ പഠിച്ച ദേവിക(എന്റെ കൂടെ പഠിച്ച പെണ്‍പിള്ളേരെ എന്നേക്കാള്‍ നിശ്ചയം നിനക്കാണല്ലോ. (ഇത് ആത്മഗതം))”

“എന്താണ് കാര്യം?”

“എന്നെ ദേവിക എന്നോരുത്തി വിളിചിട്ട് അവളുടെ കല്യാണം ആണെന്ന് പറഞ്ഞു. അതാരാണെന്നു അറിയാനാ”

“നിനക്ക് ചോദിച്ചു കൂടായിരുന്നോ, ആരാണെന്നു?”

“നിനക്ക് അറിയാമോ ഇല്ലയോ?”

“എന്റെ അറിവില്‍, നിന്റെ കൂടെ ദേവിക എന്നാരും പഠിച്ചിട്ടില്ല. നീ ഒരു കാര്യം ചെയ്, അവള്‍ വിളിച്ച നമ്പര്‍ വാട്സപ്പ് ഇട്. ഞാനൊന്നു നോക്കട്ടെ”

“ശെരി ശെരി. ഞാന്‍ അയക്കാം. (ഇനി അതിന്റെ കുറവും കൂടെയേ ഉള്ളൂ(ഇതും ആത്മഗതം)) ”

ശ്രീക്കുട്ടനും കൈവിട്ട സ്ഥിതിക്ക് ആളറിയാതെ കല്യാണത്തിന് പോകേണ്ടി വരുമല്ലോ എന്നു ഞാന്‍ പേടിച്ചു.

പെട്ടെന്നാണ് മനസ്സില്‍ എന്തൊക്കെയോ മിന്നിയത്. എന്റെ മെയില്‍ഐഡി അറിയാവുന്ന ആളാകുമ്പോള്‍ ഒരു മെയിലോ ചാറ്റോ കാണുമല്ലോ. എന്റെ മെയില്‍ അക്കൗണ്ടില്‍ ദേവിക എന്നു പരതി. ഒന്നും വന്നില്ല. ദേവു എന്നു പരതി. ഒരു ചാറ്റ് ആണ് കിട്ടിയത്. ഞാനും ചന്തുവും തമ്മിലുള്ളത്. ഇതായിരുന്നു ആ ചാറ്റ്

“അളിയാ നാളെ ദേവൂന്റെ ബര്‍ത്ത്ഡേ ആണ്, മറക്കാതെ വിഷ് ചെയ്തേക്കണേ”
അപ്പോഴാണ്‌ എനിക്ക് വന്ന കാള്‍ ആരുടെതാണെന്ന് മനസ്സിലായത്.
ദേവിക എന്നു പറഞ്ഞാല്‍ എനിക്കെന്നല്ല ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും മനസ്സിലാകില്ല. ചന്തുവിന്റെ പെണ്ണ്‍ എന്നു പറയണം. അങ്ങനെ തന്നെ പറയണം.

*********************

ചന്തു.

എന്‍റെ കോളേജ് ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാള്‍.
കരിയില തൂക്കി വിറ്റാലും ലക്ഷങ്ങള്‍ കിട്ടുന്ന എസ്റ്റേറ്റുകളുടെ ഒരേ ഒരു അവകാശി. (ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത ഏതോ ഒരു സ്ഥലത്താണ്)

നാലു കൊല്ലം കോളേജ് ജീവിതം ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നവന്‍.

സപ്പ്ളികളുടെ എണ്ണം 50 കടന്നപ്പോള്‍. ഇനി സപ്പ്ളി അടിക്കില്ല എന്നു യുണിവേര്‍സിറ്റിയിലെ മണ്ണെടുത്ത്‌ ശപഥം ചെയ്തവന്‍ (പിന്നീടു ഒരു പരീക്ഷയും എഴുതിയിട്ടില്ല)

ചന്തുവിന് വിശേഷണങ്ങള്‍ ഒരുപാടാണ്‌. (അതെല്ലാം പറഞ്ഞു തല്‍കാലം നിങ്ങളെ വെറുപ്പിക്കുന്നില്ല)

*********************

കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ അവനെ കണ്ടിട്ടില്ല. ഇന്നിപ്പോള്‍ അവളുടെ കല്യാണ വാര്‍ത്തയാണ് അറിയുന്നത്.

എന്ത് കൊണ്ട് ചന്തു എന്നെ വിളിച്ചില്ല എന്നതായിരുന്നു എന്റെ സംശയം. അത് മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. അവളുടെ കല്യാണക്കുറി മെയിലില്‍ എത്തി.

അടുത്ത ഞായറാഴ്ചയാണ് കല്യാണം. വരന്‍ ചന്തുവല്ല. ഏതോ ഒരു മനു.

ആ കല്യാണത്തിന് പോകണോ വേണ്ടയോ എന്നതായി പിന്നെ എന്റെ ചിന്ത. വിളിച്ച സ്ഥിതിക്ക് പോകാതിരിക്കുന്നത് മോശമാണ്. ഒടുവില്‍ തലേന്ന് ചെന്ന് തല കാണിക്കാം എന്നു വിചാരിച്ചു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അവളുടെ വീടിനടുത്തുള്ള മണ്ഡപത്തില്‍ വെച്ചാണ്‌ പരിപാടി

*********************

അങ്ങനെ ആ സുദിനം വന്നെത്തി. ഏതാണ്ട് ഒരു 7 മണിയോട് കൂടി ഞാന്‍ അവിടെ എത്തി. എനിക്ക് പരിചയമുള്ള ആരെയും അവിടെ കണ്ടില്ല. ഫോട്ടോ പിടുത്തം തകൃതിയായി നടക്കുന്നുണ്ട്. ഞാന്‍ വന്നു എന്നതിന് തെളിവ് കാണിക്കാനായി ഫോട്ടോ എടുത്തുകളയാം എന്നു ഞാനും കരുതി.

എത്രയും പെട്ടെന്ന് ഫോട്ടോ എടുത്തു ഫുഡ്‌ അടിച്ചിട്ട് തിരിച്ചു പോകണം. അതായിരുന്നു എന്റെ മനസ്സില്‍.

ഫോട്ടോ എടുക്കാനുള്ള ക്യുവില്‍ നിന്നപ്പോഴാണ്. അടുത്ത് ഫോട്ടോ എടുക്കാന്‍ കയറാന്‍ നില്‍കുന്ന ആളെ ഞാന്‍ കണ്ടത്.

ഒരു നിമിഷം. ഞാന്‍ ഒന്ന് ഞെട്ടി.

ചന്തു!!!!. ഇവിടെ ഞാന്‍ പ്രതീക്ഷിക്കാത്ത ഒരേ ഒരാള്‍.

അവന്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന പേടിയില്‍ ഞാന്‍ അവന്റെ അടുത്തേക്ക് പോയി.

അപ്പോഴാണ് അവന്റെ കൂടെ നിന്ന രാധുവിനെ ഞാന്‍ കണ്ടത്. അവിടെ ചന്തുവിനെ കണ്ടതിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് രാധുവിനെ അവന്റെ കൂടെ കണ്ടപ്പോഴാണ്. എന്റെ കൂട്ടുകാര്‍ ആണ് എന്നതാണ് ചന്തുവിനേയും രാധുവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക ഘടകം. അവര്‍ തമ്മില്‍ പരിചയം പോലുമുള്ളതായി എനിക്ക് അറിവില്ല . പിന്നെ എങ്ങനെ ഇവര്‍ ഒരുമിച്ചു ഇവിടെയെത്തി എന്നതായിരുന്നു എന്നെ ഏറ്റവും കുഴക്കിയത്

*********************

രാധു എന്ന രാധിക.

ഗ്രാമീണ സൌന്ദര്യത്തിന്റെ പര്യായം.

ഫേസ്ബുക്കില്‍ ഇല്ലാത്ത വളരെ ചുരുക്കം പെണ്‍കുട്ടികളില്‍ ഒരുവള്‍

ഒരു വിധം കാണാന്‍ കുഴപ്പമില്ലാത്ത പെണ്പിള്ളേര്‍ക്ക്പോലും മൂന്നും നാലും കാമുകന്മാര്‍ ഉണ്ടായിരുന്ന ക്യാമ്പസില്‍ ഒരു കാമുകന്‍ പോലും ഇല്ലാതിരുന്നവള്‍

ഒറ്റ നോട്ടത്തില്‍ ആരും സ്നേഹിച്ചു പോകുന്ന പെണ്‍കുട്ടി.

സ്വന്തമായി ഒരു മൊബൈല്‍ ഇല്ലാത്ത കോളേജ് വിദ്യാര്‍ത്ഥിനി.

വിശേഷണങ്ങള്‍ക്ക് രാധുവിനും കുറവൊന്നുമില്ല.

*********************

എന്നെ കണ്ട ഉടനെ ചന്തു പറഞ്ഞു

“അബ്ദു. നീ വന്നത് നന്നായി. നീയാണ് ഇവിടെ നടക്കാന്‍ പോകുന്നതിനു സാക്ഷിയാകേണ്ടവന്‍”

“അളിയാ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്. വാ നമുക്ക് പോകാം”

“ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. പക്ഷേ…. അവളോട്‌ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. അത് നീയും കേള്‍ക്കണം. എന്നിട്ടേ നമ്മള്‍ പോകുന്നുള്ളൂ.”

ഫോട്ടോ എടുക്കാന്‍ കയറിയ എനിക്കൊപ്പം ചന്തുവിനെ കണ്ട ദേവികയുടെ മുഖം വിളറി. എന്ത് പറയണം എന്നറിയാന്‍ വയ്യാതെ അവള്‍ നിന്നു

തുടക്കമിട്ടത് ചന്തുവായിരുന്നു

“എന്നെ ഓര്‍മയുണ്ടോ ആവോ?”

“ഉം”

“സന്തോഷം. അറിയില്ല എന്നു പറഞ്ഞില്ലല്ലോ”

“എന്താ നിന്റെ ഉദ്ദേശം?”

“നിന്നെ തല്ലണം എന്നതായിരുന്നു ആലോചന. പക്ഷേ … പ്ലാന്‍ ഞാനൊന്ന്‍ മാറ്റി”

“എന്ത് ?”

“പണം മാത്രമാണ് നിന്റെ കാമുകന്‍ എന്നറിയാന്‍ ഞാന്‍ കുറച്ചു വൈകി. എന്നെ തോല്‍പിച്ചു എന്നതാകും നിന്റെ മനസ്സിലിരിപ്പ്. അത് വേണ്ട എന്നു പറയാനാണ് വന്നത്.”

“നീ തോറ്റത് കൊണ്ടാണല്ലോ ക്ഷണിക്കാത്ത ചടങ്ങിനു വന്നത്”

“ആരു വരുന്നു നിന്റെ സല്‍ക്കാരം സ്വീകരിക്കാന്‍. ഞാന്‍ വന്നത് എന്റെ കല്യാണം വിളിക്കാനാണ്. എന്റെ പൂര്‍വ കാമുകിക്ക് തന്നെ ഇരിക്കട്ടെ, ആദ്യത്തെ ക്ഷണം”

“കല്യാണമോ? ജയിച്ചെന്ന് വരുത്താന്‍ ഡയലോഗ് അടിക്കാതെ വല്ലതും നക്കിയിട്ടു പോകാന്‍ നോക്ക്”

“നീ ഇത് പറയും എന്നെനിക്ക് അറിയാമായിരുന്നു. അതാണല്ലോ നിന്റെ ശീലം. ഇതാ ഇവളാണ്‌ എന്റെ വധു. ഇനി മുതല്‍ ഈ ചന്തുവിന്റെ പെണ്ണ്”. രാധുവിനെ ചേര്‍ത്ത് നിറുത്തിക്കൊണ്ടവന്‍ പറഞ്ഞു

“ഇവളോ??. നിനക്ക് ഇതൊക്കെയോ പറഞ്ഞിട്ടുള്ളൂ”

“അതേല്ലോ. നിന്നെ പോലെ ഒരു വിഴുപ്പിനെ അല്ല, ഇവളെ പോലെ ഒരു നിധിയെ ആണ് എനിക്ക് പറഞ്ഞിട്ടുള്ളത്”

“നിധിയോ??? ഇവളോ??”

“അതേ. പണ്ട് നീ പറഞ്ഞതോര്‍ക്കുന്നുണ്ടോ ഇവളെ കെട്ടുന്നവന്‍ ആരായാലും ഭാഗ്യം ചെയ്തവനായിരിക്കുമെന്നു. ഞാനാണ്‌ ആ ഭാഗ്യവാന്‍”

“ഞാനോ?? അതും ഇവളെ പറ്റി. എനിക്കോര്‍മ്മയില്ല”

“നീ മറക്കും. അതങ്ങനെയാണല്ലോ. എന്നാല്‍ ഇത്. നീ ഒരിക്കലും മറക്കാതിരിക്കാനാണ്.”

ഇത്രയും പറഞ്ഞിട്ട് രാധികയെ ചേര്‍ത്ത് നിറുത്തി അവളുടെ അധരം കവര്‍ന്നു കൊണ്ട് ഒരു ചുടുചുംബനം നല്‍കി.

അവിടെ ഉള്ളവര്‍ എല്ലാം ഈ രംഗം കണ്ടു നിശ്ചലര്‍ അയി നിന്നു.

കാണുന്നത് സ്വപ്നമാണോ സത്യമാണോ  എന്നറിയാതെ പകച്ചു നിന്ന ദേവികയോട് അവന്‍ പറഞ്ഞു

“ചന്തുവിനെ തോല്പിക്കാന്‍ നിനക്കാകില്ലെടീ. അതിനു നീ ഇനിയും ഒരുപാടു ജന്മം ജനിക്കേണ്ടി വരും”

എന്ത് പറയണം എന്നറിയാതെ നിന്ന ആള്‍ക്കാരുടെ മുന്നിലൂടെ അവന്‍ അവളേയും കൊണ്ട് നടന്നു നീങ്ങി

ഒടുവിലാന്‍: ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചന്തുവിനും രാധികക്കും എന്റെ വക ഒരു ചെറിയ സമ്മാനം.

Advertisements

ആകാശം നീലയാണ്

എഞ്ചിനീയറിംഗ് പഠനകാലം. “സപ്പ്ളി ഇലാത്ത എഞ്ചിനീയറിംഗ് ഉപ്പില്ലാത്ത കഞ്ഞി പോലെ സ്വാദില്ലാത്തതാണ്” എന്ന അടിയുറച്ച വിശ്വാസവും, “സപ്പ്ളി ഒന്നെങ്കിലും വേണം മാറാതോരോ സെമ്മിലും” എന്ന മുദ്രാവാക്യവും ചേര്‍ന്ന് സപ്പ്ലികളുടെ ഒരു കൊട്ടാരം തന്നെ പടുത്തുയര്‍ത്തിയ കാലം. ഏതൊരു നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെയും മുന്നില്‍ ഇടിത്തീ പോലെ വന്നു വീഴുന്ന ഒരവസരം, അതെന്‍റെ മുന്നിലും വന്നു, ക്യാമ്പസ്‌ പ്ലേസ്മെന്റ് എന്ന പ്രഹസനം. ആദ്യം വന്ന കമ്പനികള്‍ സപ്പ്ളി ഇല്ലാത്ത ഒട്ടു മുക്കാല്‍ പിള്ളേര്‍ക്കും പണി കൊടുത്തപ്പോള്‍ പിന്നീട് വന്ന കമ്പനികള്‍ക്ക് മുന്‍പില്‍ ഇരുത്താന്‍ വേണ്ടത്ര പിള്ളേരില്ലാതെ വന്നു. ആ പ്രതിസന്ധി മറികടക്കാന്‍ സാറുമാര്‍ ഒരു വഴി കണ്ടു പിടിച്ചു സപ്പ്ളി ഉള്ള കുറച്ചു പേരെ കൂടെ ടെസ്റ്റ്‌ എഴുതാന്‍ അനുവദിക്കുക. അങ്ങനെ ടെസ്റ്റ്‌ എഴുതാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ ഒരാളായിരുന്നു ഞാനും.
അങ്ങനെ ആ ദിനം വന്നെത്തി. യുണിവേര്‍സിറ്റി പരീക്ഷക്ക്‌ പോലും പരീക്ഷ തുടങ്ങിയ ശേഷം മാത്രം കോളേജില്‍ എത്തിയിരുന്ന ഞാന്‍ അന്ന് 9 മണിക്കുള്ള ടെസ്റ്റ്‌ എഴുതാന്‍ 8 മണിക്കേ കോളേജില്‍ എത്തി. 9 മണി ആയപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് ടെസ്റ്റ്‌ 10 മണിക്കേ  തുടങ്ങൂ എന്നും  അതിനു മുന്പ് ഒരു മണിക്കൂര്‍ കമ്പനിയെ കുറിച്ചുള്ള ഗീര്‍വാണം ഉണ്ടെന്നും
. അത് കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഉറക്ക ക്ഷീണം തോന്നി തുടങ്ങി. അതിന്റെ ഫലമായി ടെസ്റ്റ്‌ എഴുതാന്‍ കയറിയ ഞാന്‍ നന്നായിട്ട് ഹാളില്‍ ഇരുന്നു ഉറങ്ങി. ടെസ്റ്റിന്റെ സമയം കഴിയാന്‍ 10 മിനുട്ട് മാത്രമുള്ളപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. രണ്ടു മണിക്കൂര്‍ കൊണ്ട് എഴുതേണ്ട ടെസ്റ്റ്‌ 10 മിനുട്ട് കൊണ്ട് എങ്ങനെ എഴുത്തും എന്നാലോചിച്ചു വിഷമിച്ചപ്പോള്‍ അടുതിരുന്നവന്‍ അവന്റെ ഉത്തര കടലാസ് എന്റെ മുന്നിലേക്ക് നീക്കി വെച്ചു. പിന്നെ ഒട്ടും സമയം കളയാതെ അവന്‍ കറുപ്പിച്ച ഉത്തരങ്ങള്‍ എല്ലാം അത് പോലെ തന്നെ ഞാനും കറുപ്പിച്ചു. ടെസ്റ്റിന്റെ റിസള്‍ട്ട് 2 മണി ആകുമ്പോള്‍ അറിയിക്കുമെന്നും പറഞ്ഞു എല്ലാവരെയും ഇറക്കി വിട്ടു. അപ്പൊ തന്നെ എന്നെ സഹായിച്ചവന് അടുത്തുള്ള ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങി കൊടുത്തു.

2മണിക്ക് റിസള്‍ട്ട് അറിയാനായി എല്ലാവരും എത്തി. റിസള്‍ട്ട് അറിഞ്ഞ ഞാനും എന്നെ സഹായിച്ചവനും ഞെട്ടി. ഞാന്‍ ടെസ്റ്റ്‌ പാസ്സായി, അതും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ. എന്നെ സഹായിച്ചവന്‍ ആകട്ടെ എട്ടു നിലയില്‍ പൊട്ടുകയും ചെയ്തു.   ഇതെങ്ങനെ സംഭവിച്ചു എന്നായി എന്റെ സംശയം. എനിക്കും അവനും ചോദ്യക്കടലാസുകള്‍ വേറെ വേറെ ആയിരുന്നു എന്നു അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌. എന്നെ തല്ലാനുള്ള ആരോഗ്യം അവനില്ലാത്തതിനാല്‍ സ്വയം പഴിച്ചു കൊണ്ട് അവന്‍ നടന്നു നീങ്ങി.
അടുത്ത കടമ്പ ഇന്റര്‍വ്യൂ ആണ്. ടെസ്റ്റ്‌ പാസ്സായ പോലെ ഇന്റര്‍വ്യൂ പാസ്സാകില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും രണ്ടും കല്‍പ്പിച് ഇന്റര്‍വ്യൂവിനു കയറാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്റര്‍വ്യൂ ചെയ്യാന്‍ കമ്പനിയില്‍ നിന്നും മൂന്ന് പേര് വന്നിട്ടുണ്ടായിരുന്നു, അവര്‍ മൂന്നു റൂമുകളില്‍ സ്ഥാനം പിടിച്ചു. അതില്‍ ഒന്നാമനാണ്‌ എന്നെ ഇന്റര്‍വ്യൂ ചെയ്യുക. അങ്ങേരുടെ മുന്നിലേക്ക്‌ ആദ്യം ചെല്ലേണ്ടത് ഞാന്‍ ആയിരുന്നു.  വരുന്നത് വരട്ടെ എന്നു കരുതി മുഖത്ത് ഒരു വളിച്ച ചിരിയും പിടിപ്പിച്ചു കൊണ്ട് ഞാന്‍ റൂമിനുള്ളില്‍ കയറി. എന്നെ കണ്ടപാടെ മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പുള്ളി ആഗ്യം കാണിച്ചു. ഞാന്‍ എന്റെ റെസ്യുമെ പുള്ളിയുടെ കയ്യിലേക്ക് കൊടുത്തിട്ട് കസേരയില്‍ ഇരുന്നു. റെസ്യുമെ ഒന്നോടിച്ചു നോക്കിയിട്ട് പുള്ളി എന്നോട് പേരും വീടുമെല്ലാം ചോദിച്ചു.എനിക്ക് അറിയാവുന്ന ചോദ്യങ്ങള്‍ ആയതിനാല്‍ ഞാന്‍ അതെല്ലാം പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ പുള്ളി സ്വയം പരിചയപ്പെടുത്തി പുള്ളിയുടെ പേരു രോഹിത്, കര്‍ണാടകക്കാരനാണ്. പുള്ളിയുടെ അടുത്ത ചോദ്യം കേട്ട ഞാന്‍ ഞെട്ടി. ചോദ്യം ഇതായിരുന്നു, ”ആകാശം എന്ത് കൊണ്ടാണ് നീല നിറത്തില്‍ കാണുന്നത്”. എന്റെ മുഖഭാവം കണ്ട പുള്ളി എന്നോട് ചോദ്യം മനസ്സിലായില്ലേ എന്നു ചോദിച്ചു. മനസ്സിലായി എന്നു ഞാന്‍ പറഞ്ഞു. “എന്നാല്‍ ഉത്തരം പറയൂ” എന്നായി പുള്ളി. “ആകാശം നീല നിറമാണല്ലോ സര്‍ ” എന്നു ഞാന്‍ പറഞ്ഞു.”ആകാശം നീലയാണ് എന്നെനിക്കറിയാം അത് എന്ത് കൊണ്ടാണ് നീല നിറമായത് എന്നാണ് എന്റെ ചോദ്യം” പുള്ളി തിരിച്ചടിച്ചു. എന്ത് ഉത്തരം പറയും എന്നു എന്നാലോചിച്ച എന്റെ മനസ്സില്‍ ഒരു ഉത്തരം തെളിഞ്ഞു വന്നു. “സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണ് ഭൂമി. മഴവില്‍ നിറങ്ങളില്‍ മൂന്നമാതെതാണ് നീല അത് കൊണ്ട് ഭൂമിയില്‍ ആകാശം നീലയായി കാണുന്നു.”  ഈ ഉത്തരം ഞാന്‍ അത് പോലെ പുള്ളിയുടെ അടുത്ത് പറഞ്ഞു. അതിനെ ഒരു മറു ചോദ്യം കൊണ്ടാണ് പുള്ളി നേരിട്ടത്.  “അങ്ങനെയാണെങ്കില്‍ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമല്ലേ ചൊവ്വ അതിന്റെ ആകാശം പച്ച നിറത്തില്‍ ആയിരിക്കണ്ടേ പക്ഷെ അതൊരു ചുവന്ന ഗ്രഹമല്ലേ”. “സര്‍ ചൊവ്വ ചുവപ്പ് ഗ്രഹം തന്നെയാണ് പക്ഷെ അതിന്റെ ആകാശം പച്ചയാണ്‌” എന്നു ഞാന്‍ ഉത്തരം പറഞ്ഞു. ഇത് കേട്ട അദ്ധേഹത്തിന്റെ മുഖത്ത് നവരസങ്ങള്‍ നിറഞാടുന്നത് ഞാന്‍ കണ്ടു. അത് നിറുത്തുവാന്‍ എന്നോണം പുള്ളി മുന്‍പില്‍ ഇരുന്ന ഒരുകുപ്പി വെള്ളം ഒറ്റയടിക്ക് അകത്താക്കി. വെള്ളം കുടിച്ചത് കൊണ്ടാകണംഅദ്ധേഹത്തിന്റെ ഭാവം സാധാരണ പോലെയായി. എന്റെ റെസ്യുമെ തിരികെ തന്നിട്ട് പറഞ്ഞു “താന്‍ പുറത്തു ചെന്നിട്ടു അടുത്ത ആളോട് വരാന്‍ പറയു”. ഇത് കേട്ട പാടെ ഞാന്‍ എഴുന്നേറ്റു പുറത്തേക്കു നടന്നു. ഡോര്‍ വരെ എത്തിയ ഞാന്‍ തിരിച്ചു പുള്ളിയുടെ അടുത്ത് ചെന്ന് ചോദിച്ചു “സര്‍ ഞാന്‍ ഇന്റര്‍വ്യൂ പാസ്സായോ?” “റിസള്‍ട്ട്‌ ഏറ്റവും അവസാനം പറയും, താന്‍ പോയി പുറത്തു വെയിറ്റ് ചെയ്” ടെസ്റ്റ്‌ പാസ്സായ എല്ലാവരുടെയും ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍  ഏതാണ്ട് 8 മണി ആയി. അപ്പോഴേക്കും ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ കുറഞ്ഞത്‌ 30മിനിറ്റ് എങ്കിലും എടുക്കുന്നുണ്ട്, എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ എടുത്തതാകട്ടെ വെറും 5 മിനുട്ടും. അപ്പൊ ജോലി കിട്ടില്ല എന്നുറപ്പായി. എന്ത് വന്നാലും റിസള്‍ട്ട്‌ വരുന്നത് വരെ കാക്കാന്‍ ഞാന്‍ തീരുമാനിച്ചു. റിസള്‍ട്ട്‌ വന്നപ്പോള്‍ സമയം 9 ആയി. മൊത്തം 40 പേര് ഇന്റര്‍വ്യൂവിനു ഇരുന്നിടത്ത് വിജയിച്ചത് 10 പേരാണത്രേ. 9 പേരുടെ പേരുകള്‍ വായിച്ചു അവര്‍ പോകാന്‍ ഒരുങ്ങി. അപ്പോള്‍ സാറുമാരില്‍ ഒരാള്‍ അവരോടു ചോദിച്ചു “10  പേര്‍ വിജയിച്ചു എന്നു പറഞ്ഞിട്ട് 9 പേരുടെ പേരല്ലേ പറഞ്ഞുള്ളൂ ആരാണ് പത്താമന്‍?.” അപ്പോഴാണ് അവര്‍ അത് ശ്രദ്ധിച്ചത് ഒരു പേര് അവര്‍ പറയാന്‍ വിട്ടു പോയി. ആ പേരു അവര്‍ ഉറക്കെ വായിച്ചു “അബ്ദു”. ഇത്തവണ ആ പേരു കേട്ട് ഞെട്ടിയത് ഞാന്‍ മാത്രമല്ല. അവിടെ കൂടി നിന്ന എല്ലാവരും ആയിരുന്നു. വേറെ ആര്‍ക്കു ജോലി കിട്ടിയാലും എനിക്ക് ജോലി കിട്ടില്ല എന്ന വിശ്വാസമായിരുന്നു ഞാന്‍ അടക്കം എല്ലാവര്ക്കും.
അത് കഴിഞ്ഞപ്പോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്ത രോഹിത് എന്നെ അടുത്തേക്ക് വിളിചു. അദ്ധേഹത്തിന്റെ അടുത്തേക്ക് ചെന്നപാടെ ഞാന്‍ പറഞ്ഞു “ഒരുപാടു നന്ദിയുണ്ട് സര്‍”
“അത് താന്‍ കയില്‍ വെച്ചോ, പിന്നെ ഞാന്‍ ഈ ജോലി നാളെ രാജി വെക്കും. കഴിഞ്ഞ 6 കൊല്ലമായി ഞാന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താന്‍ പറഞ്ഞ പോലെ ഒരു ഉത്തരം ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടില്ല. ഇനി അത് പോലെ ഒന്ന് കേള്‍ക്കാന്‍ ഉള്ള ശക്തി എനിക്കില്ല” ഇത്രയും പറഞ്ഞിട്ട് പുള്ളി തിരിഞ്ഞു നടന്നു

ഒടുവിലാൻ : എന്നെ ഇന്റർവ്യൂ ചെയ്ത മാന്യ അദ്ധേഹത്തെ കഴിഞ്ഞ ദിവസം അവിചാരിതമായി കണ്ടു മുട്ടി, പുള്ളി ഇപ്പൊ തിരുവനതപുരത്തെ ഒരു ബാങ്കിൽ മാനേജർ ആണത്രേ

ട്രയല്‍ അവര്‍-, മാവേലിയുമായി ഒരു അഭിമുഖം

നമസ്കാരം ട്രയല്‍ അവറിലേക്ക് എല്ലാവര്ക്കും സ്വാഗതം. ഞാന്‍ അബ്ദു.

നാഴികക്ക് നാല്‍പതു വട്ടം വാക്ക് മാറ്റി പറയുന്ന ഭരണാധികാരികള്‍ ഉള്ള നാടാണ് നമ്മുടേത്‌. അങ്ങനെയുള്ള നമ്മുടെ നാട്ടില്‍, പറഞ്ഞ വാക്ക് പാലിക്കാനായി സ്വന്തം അധികാരവും ജീവിതവും നല്‍കിയ ഒരു ഭരണാധികാരി നമുക്കുണ്ടായിരുന്നു. ആ മഹാനാണ് ഇന്ന് നമ്മുടെ കൂടെ ഉള്ളത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആളെ മനസ്സിലായിക്കാണും. അസുരനായി പിറന്നു ദേവന്മാരെക്കാള്‍ മികച്ച ഭരണം നടത്തിയ രാജാവ്‌. അദ്ധേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം നമസ്കാരം ശ്രീ മഹാബലി.

മഹാബലി: നമസ്കാരം

അബ്ദു: “മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ”. പിന്നെ അങ്ങോട്ട്‌ എന്ത് സംഭവിച്ചു എന്നുള്ളത് ചരിത്രം. എന്താണ് അങ്ങേക്ക് അന്ന് സംഭവിച്ചത്

മഹാബലി(ചെറു പുഞ്ചിരിയോടെ): എന്താണ് സംഭവിച്ചത് എന്നു എല്ലാവര്ക്കും വളരെ വ്യക്തമായി അറിയാവുന്നതാണ്. അത് വീണ്ടും പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
അബ്ദു: പക്ഷേ അവിടെ ചില അവ്യക്തതകള്‍ ഉണ്ടു ശ്രീ മഹാബലി. താങ്കള്‍ കേരളം ഭരിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാമനന്‍ താങ്ങളെ ചവുട്ടി താഴ്ത്തിയത് അല്ലെ.

മഹാബലി : അതെ താങ്കള്‍ക്ക് സംശയമുണ്ടോ.

അബ്ദു: പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതു എന്നു താങ്ങള്‍ വിശ്വസിക്കുന്നുണ്ടോ.

മഹാബലി: തീര്‍ച്ചയായും. അതാണല്ലോ അതിന്റെ ഐതീഹ്യം.

അബ്ദു: അവിടെയാണ് ഞങ്ങളെ കുഴയ്ക്കുന്ന ചോദ്യമുള്ളത്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍/…., ആറാമത്തെ അവതാരം പരശുരാമനും. അങ്ങനെയുള്ളപ്പോള്‍ ആറാമത്തെ അവതാരം മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം ഭരിച്ചിരുന്ന അങ്ങയെ അഞ്ചാമത്തെ അവതാരം ചവുട്ടി താഴ്ത്തി എന്നുള്ളത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

മഹാബലി: ഈ എത്രമാത്തെ അവതാരം എന്നുള്ളത് എനിക്ക് അത്ര നിശ്ചയം ഇല്ല്ല. ഞാന്‍ പഠിക്കുമ്പോള്‍ ഇതൊന്നും പഠിപിച്ചിരുന്നില്ല.

അബ്ദു: അതൊരു മുട്ടാപ്പോക്ക് ന്യായമല്ലേ?

മഹാബലി: ഒരിക്കലുമില്ല. കാരണം ഈ പറയുന്ന പരശുരാമനും, വാമനനും ജീവിച്ചിരുന്നത് ഒരേ സമയത്താണ്. അതായതു ത്രേതായുഗത്തില്‍. അക്കാര്യത്തില്‍ താങ്ങള്‍ക് സംശയം ഒന്നും ഇല്ല എന്നു ഞാന്‍ കരുതുന്നു.

അബ്ദു: സമ്മതിക്കുന്നു ശ്രീ മഹാബലി. താങ്കള്‍ പറഞ്ഞു വരുന്നത് ചരിത്രകാരന്മാര്ക് പറ്റിയ ഒരു തെറ്റാണ് ഈ എണ്ണത്തിലെ പിശക് എന്നു.

മഹാബലി:അങ്ങനെയല്ല. അതാകാം, എന്നു പറയാം. എനിക്ക് അക്കാര്യത്തില്‍ അത്ര വ്യക്തതയില്ല

അബ്ദു: തീര്‍ച്ചയായും. എന്റെ പക്കലും അതിനെ എതിര്‍ക്കാന്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍, നമുക്ക് ആ വിഷയം വിടാം.

മഹാബലി:നിങ്ങളുടെ ഇഷ്ടം.

അബ്ദു:ഈ ചവുട്ടി താഴ്ത്തല്‍ കഥ ഒരു നുണയാണ് എന്നു ഞാന്‍ പറഞ്ഞാല്‍. താങ്കള്‍ എന്ത് പറയും?

മഹാബലി: ശുദ്ധ അസംബന്ധം. എനിക്ക് അങ്ങനെ ഒരു കഥയിറക്കിയിട്ടു എന്ത് കിട്ടാനാണ്‌.

അബ്ദു: മഹാവിഷ്ണുവിനോട്‌ താങ്കള്‍ക്കുള്ള വൈരാഗ്യം കാരണമാണ് എന്നു ഞാന്‍ പറഞ്ഞാല്‍.

മഹാബലി: എനിക്ക് മഹാവിഷ്ണുവിനോട്‌ വൈരാഗ്യം തോന്നാന്‍ എന്തെങ്കിലും കാരണം വേണ്ടേ

അബ്ദു: ഹിരണ്യകശിപു, താങ്കളുടെ മുതുമുത്തച്ഛന്‍ ആണ്. അപ്പോള്‍ അദ്ധേഹത്തെ കൊന്നയാളോട് താങ്കള്‍ക്ക് വൈരാഗ്യം കാണില്ലേ?

മഹാബലി: ഒരിക്കലുമില്ല, താങ്കള്‍ മറന്ന ഒരു കാര്യം ഞാന്‍ ഒര്മിപ്പിക്കാം. അതായതു എന്നെ വളര്‍ത്തി വലുതാക്കിയത് എന്റെ മുത്തച്ഛനായ പ്രഹ്ലാദന്‍ ആണ്. അദ്ദേഹം തികഞ്ഞ ഒരു വിഷ്ണു ഭക്തനാണ്

അബ്ദു: മനസ്സിലായി ശ്രീ മഹാബലി താങ്കള്‍ ഒരു വിഷ്ണു ഭക്തനാണ് എന്നാണ് പറഞ്ഞു വരുന്നത്. അങ്ങനെയുള്ള താങ്കള്‍ക്ക് വിഷ്ണുവിനോട് പക തോന്നേണ്ട കാര്യമില്ല.

മഹാബലി: അതെ.

അബ്ദു: അപ്പോള്‍, ഒരു വിഷ്ണു ഭക്തന്‍ വളരെ നന്നായി ലോകം ഭരിക്കുന്നു. അങ്ങനെയുള്ള ഒരാളെ കൊല്ലാന്‍ മാത്രമായി വിഷ്ണു ഒരു അവതാരം എടുക്കുന്നു. അദ്ധേഹത്തെ ചവുട്ടി താഴ്ത്തുന്നു. അപ്പൊള്‍ സ്വന്തം ഭക്തരോട് നീതി പുലര്‍ത്താത്ത ഒരാളാണ് വിഷ്ണു എന്നു പറയേണ്ടിയിരിക്കുന്നു.

മഹാബലി: ഒരിക്കലുമില്ല. അദ്ദേഹം വളരേയധികം നീതി പുലര്‍ത്തുന്ന ഒരാളാണ്. പ്രതേകിച്ചു ഭക്തന്മാരോട്.

അബ്ദു:പിന്നെ എന്ത് കൊണ്ട് താങ്കളെ ചവുട്ടി താഴ്ത്താനായി മാത്രം അദ്ദേഹം ഒരവതാരം എടുത്തു?

മഹാബലി: അദ്ധേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. പ്രതേകിച്ചു ചില ദേവന്മാര്‍.

അബ്ദു: അപ്പോള്‍ ദേവന്മാര്‍ക്ക്, താങ്കളോടു അസൂയ ആയിരുന്നു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്.

മഹാബലി: ചിലര്‍ക്ക്, എന്നു പറയാം.

അബ്ദു: എന്താണ് ദേവന്മാര്‍ക്ക് അല്ലെങ്കില്‍ അവരില്‍ ചിലര്‍ക് താങ്കളോട് ഇത്രയും അസൂയ വരാന്‍ കാരണം.

മഹാബലി:ഞാന്‍ ഒരു അസുരനായി ജനിച്ചു എന്നതാകാം. ദേവന്മാരും അസുരന്മാരും തമ്മിലുള്ള പക വളരെ പ്രസിദ്ധമാണല്ലോ.

അബ്ദു: അങ്ങനെയാണെങ്കില്‍ അത് തിരിച്ചറിയാന്‍ വിഷ്ണുവിന് കഴിയുമായിരുന്നില്ലേ? അതോ അദ്ദേഹം അറിഞ്ഞിട്ടും അറിയാത്ത മട്ടു ഭാവിച്ചതാണോ?

മഹാബലി: തീര്‍ച്ചയായും. അദ്ദേഹം എന്നെ പരീക്ഷിക്കുകയായിരുന്നു എന്നു വേണം പറയാന്‍.

അബ്ദു:കണി കണ്ട ദേവന്റെ കാലിലും ചെളി എന്നത് ഈ ദേവന്മാരെ ഉദ്ദേശിച്ചാണ് അല്ലെ

മഹാബലി:അതെ

അബ്ദു: താങ്കളുടെ ഗുരുവായ ശുക്രാചാര്യന്‍ ഇതിനെപറ്റി, അതായതു ചവുട്ടി താഴ്തുന്നതിനെ പറ്റി താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എന്നാണ് എന്റെ അറിവ്

മഹാബലി:തീര്‍ച്ചയായും

അബ്ദു:അപ്പോള്‍ ഗുരുവിന്റെ മുന്നറിയിപ്പ് വക വെക്കാതെ താങ്കള്‍ അഹങ്കാരത്തോടെ നല്‍കിയ വാക്കാണ്‌ താങ്കളുടെ പതനത്തിനു വഴി വെച്ചത്.

മഹാബലി:ഗുരുവിന്റെ മുന്നറിയിപ്പ് വക വെച്ചില്ല എന്നുള്ളത് ശെരിയാണ്‌ പക്ഷെ അതൊരിക്കലും അഹങ്കാരത്തോടു കൂടിയല്ല.

അബ്ദു:ശെരി ശ്രീ മഹാബലി. താങ്കളെ അടുത്ത ദേവേന്ദ്രന്‍ ആക്കാം എന്ന ഉറപ്പിന്‍ മേലാണ് താങ്കള്‍ ഈ ചവുട്ടി താഴ്തലിനു സമ്മതിച്ചത് എന്നു ഞാന്‍ പറയുന്നു.

മഹാബലി: അതൊരു ദുഷ്പ്രചരണമാണ്.

അബ്ദു: താങ്കളാണ് അടുത്ത, അല്ലെങ്കില്‍ എട്ടാമത്തെ ദേവേന്ദ്രന്‍. അതായതു ദേവന്മാരുടെ രാജാവ്‌, ഇന്ദ്രന്‍

മഹാബലി:അതെ

അബ്ദു:അസുരനായ താങ്കള്‍ എങ്ങനെയാണു ദേവന്മാരുടെ രാജവാകുന്നത്?

മഹാബലി:അത് എനിക്ക് മഹാവിഷ്ണു നല്‍കിയ വരമാണ്.

അബ്ദു: അത് തന്നെയാണ് ഞാനും പറഞ്ഞത് താങ്കളെ അടുത്ത ദേവേന്ദ്രനാക്കാം എന്ന ഉറപ്പിന്മേലാണ് താങ്കള്‍ ഈ നാടകത്തിനു നിന്ന് കൊടുത്തത്.

മഹാബലി: എന്റെ അബ്ദു ഇതൊന്നു നിറുത്താമോ, ഞാന്‍ പറയുന്നതിനെ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ വളച്ചൊടിക്കരുത്. ഇതിപ്പോ നികേഷിനെക്കാളും കഷ്ടമാണല്ലോ.

അബ്ദു:ഒരിക്കലുമില്ല. എനിക്ക് കിട്ടിയ വിവരങ്ങള്‍ താങ്കളോട് ചോദിക്കുന്നു എന്നു മാത്രം. സത്യാവസ്ഥ അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ട്.

മഹാബലി:ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആണെങ്കില്‍ ഞാന്‍ പോകുന്നു. എനിക്കൊരുപാട് തിരക്കുള്ളതാണ്.

അബ്ദു:ക്ഷമിക്കണം ശ്രീ മഹാബലി. താങ്കള്‍ കുറച്ചു നേരം കൂടെ സഹകരിക്കണം

മഹാബലി: പക്ഷെ ഞാന്‍ പറയുന്നതിനെ വെറുതെ വളച്ചൊടിക്കരുത്.

അബ്ദു:സമ്മതിക്കുന്നു

മഹാബലി:അങ്ങനെയാണെങ്കില്‍ കുറച്ചു നേരം കൂടെ തുടരാം

അബ്ദു: നന്ദി ശ്രീ മഹാബലി. താങ്കള്‍ക്ക് മഹാവിഷ്ണു നല്‍കിയ വരമാണ് അടുത്ത ദേവേന്ദ്രന്‍ ആക്കാം എന്നുള്ളത്. ഇത് പോലെ വേറെ എന്തൊക്കെ വരങ്ങള്‍ താങ്കള്‍ക്ക് നല്‍കിയിട്ടുണ്ട്

മഹാബലി:അതൊക്കെ ഇവിടെ പറയാന്‍ പറ്റില്ല

അബ്ദു:എല്ലാം പറയേണ്ട. വേറെ ഒരെണ്ണം പറഞ്ഞാല്‍ മതി

മഹാബലി:ഒരെണ്ണം?

അബ്ദു:അതെ ഒരേ ഒരെണ്ണം പിന്നെ ഞാന്‍ ചോദികില്ല

മഹാബലി:ശെരി നിങ്ങള്‍ക്ക് അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ ഒരെണ്ണം ഞാന്‍ പറയാം. പക്ഷെ പിന്നെ ഒന്ന് കൂടെ എന്നു ചോദിക്കരുത്

അബ്ദു: സമ്മതം

മഹാബലി: എല്ലാ വര്‍ഷവും തിരുവോണ നാളില്‍ കേരളത്തില്‍ വന്നു ജനങ്ങളെ കാണാന്‍ ഉള്ള അനുവാദം

അബ്ദു: ഇത് എല്ലാവര്ക്കും അറിയാവുന്നത് അല്ലെ

മഹാബലി:അതെ. വേറെ ചോദികില്ല എന്നു വാക്ക് തന്നിരുന്നു

അബ്ദു:താങ്കള്‍ തനി അസുരന്‍ തന്നെ

മഹാബലി: ഹഹഹാ

അബ്ദു:താങ്കള് ഇവിടെ വന്നപ്പോള്‍ തന്നെ ചോദിക്കണം എന്നു കരുതിയ ഒരു കാര്യമുണ്ട്

മഹാബലി:എന്താണത്

അബ്ദു:താങ്കളെപ്പറ്റിയുള്ള കേട്ടു കേള്‍വികള്‍ എല്ലാം തന്നെ താങ്കള്‍ ഒരു തടിയനാണ്, കുടവയറനാണ് എന്നൊക്കെയാണ്. “ഓണത്തപ്പാ കുടവയറാ” എന്നൊരു പാട്ട് വരെയുണ്ട്. പക്ഷെ താങ്കളെ കണ്ടിട്ട് അതൊന്നും തന്നെ തോന്നുന്നില്ല

മഹാബലി:അതൊക്കെ പലരും പറഞ്ഞു പരത്തിയതാണ്

അബ്ദു:അതൊക്കെ വെറും നുണകഥകള്‍ ആണ് എന്നാണോ താങ്കള്‍ പറയുന്നത്

മഹാബലി:തീര്‍ച്ചയായും.

അബ്ദു:അപ്പോള്‍ താങ്കളുടെ ഭരണം വളരെ നല്ലതായിരുന്നു എന്നു പറഞ്ഞുപരത്തുന്നതും ഒരു നുണയാണ് അല്ലെ

മഹാബലി:അബ്ദു ഞാന്‍ നേരത്തെ പറഞ്ഞു വെറുതെ വാക്കുകളെ വളച്ചൊടിക്കരുത്

അബ്ദു: ഒരിക്കലുമില്ല. അപ്പോള്‍ താങ്കള്‍ തന്നെ പറയു. എന്ത് കൊണ്ടാണ്. താങ്കള്‍ ഒരു കുടവയറന്‍ ആണ് എന്ന കഥ പ്രചരികുന്നത്

മഹാബലി: അതെ, ഈ അസുരന്മാരെല്ലാം കുടവയറന്മാരാണ് എന്ന തെറ്റിധാരണ ആണ് കാരണം

അബ്ദു:മനസ്സിലായി. ഞാന്‍ ഒരു സംശയം കൂടെ ചോദിച്ചോട്ടെ മഹാബലി:എന്താണ്?

അബ്ദു:“കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം” ഇത് താങ്കളുടെ ഭരണ കാലത്തെ പറ്റി പറയുന്നതാണ്. ശെരിക്കും താങ്കള്‍ കേരളം തന്നെയാണോ ഭരിച്ചിരുന്നത്

മഹാബലി: അതെന്താ ഇപ്പൊ ഒരു സംശയം.

അബ്ദു:നമ്മുടെ നാടിന്റെ അവസ്ഥ അതാണ്. കള്ളവും ചതിയും വഞ്ചനയും മാത്രമേ എങ്ങും കാണാന്‍ ഒള്ളൂ. എങ്ങനെ താങ്കള്‍ ഭരിച്ചിരുന്ന നല്ല നാട് ഈ അവസ്ഥയില്‍എത്തി?

മഹാബലി:ദേവന്മാരുടെ ഭരണം തന്നെയാണ് ഇതിനൊക്കെ കാരണം

അബ്ദു:അവിടെയും കുറ്റം ദേവന്മാര്‍ക്

മഹാബലി:അല്ലാതെ പിന്നെ എന്റെ കുറ്റമാണോ

അബ്ദു:ഞാന്‍ തര്‍ക്കത്തിനില്ല

മഹാബലി:അതാണ് നമുക്ക് രണ്ടു പേര്‍ക്കും നല്ലത്

അബ്ദു:എന്താണ് മലയാളികള്‍ക്ക് നല്‍കാനുള്ള ഓണ സന്ദേശം

മഹാബലി: മലയാളികള്‍ മലയാളം മറന്നു തുടങ്ങുന്നു. അതൊരു നല്ല പ്രവണത അല്ല. എന്നെ പറ്റിക്കാനായി റെഡിമൈഡ് പൂക്കളവും, സദ്യയും മറ്റും വാങ്ങി അവര്‍ സ്വയം പറ്റിക്കപെടുന്നു. എന്നെങ്കിലും ഒരുനാള്‍ ഓണമെന്നാല്‍ സദ്യയും മദ്യപാനവും അവധിയും മാത്രമാണ് എന്നു എല്ലാവരും കരുതും, എന്ന ഭയം എനികുണ്ട്. അങ്ങനെ ഉണ്ടാകരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നെങ്കിലും ഞാന്‍ ഭരിച്ചിരുന്നത് പോലെയുള്ള ഒരു കാലം കേരളത്തിന്‌ ഉണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു, അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നെ പ്രതീക്ഷിച്ചു ഓണം ആഘോഷിക്കുന്ന എല്ലാ നല്ലവരായ മലയാളികള്‍ക്കും എന്റെ മനസ്സ് നിറഞ്ഞ ഓണാശംസകള്‍.

അബ്ദു:നന്ദി ശ്രീ മഹാബലി എന്നോടൊപ്പം ഈ തിരക്കിനിടയില്‍ ഇത്രയും നേരം സഹകരിച്ചതിന്.

ഐശ്വര്യത്തിന്‍റെയും സമ്പല്‍‌സമൃദ്ധിയുടേയും ഉത്സവമായ ഓണത്തിനെ പറ്റിക്കലിന്‍റെ ഉത്സവമാക്കി മാറ്റുന്ന ഈ കാലത്ത്. റെഡിമൈഡ് പൂക്കളവും, സദ്യയും മറ്റും വാങ്ങി മാവേലിയെ പറ്റിക്കാന്‍ എന്ന പേരില്‍ സ്വയം പറ്റിക്കപെടുന്നവരോടും, ഓണമെന്നാല്‍ വെള്ളമിടക്കാനുള്ള ദിവസമാണെന്ന് വിചാരികുന്നവരോടും എനികൊന്നും പറയാനില്ല. മറ്റുള്ളവര്‍ക് എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

ഒരു യാത്ര

ഒരു സുഹൃത്ത്‌ എഴുതിയ കഥ

കഥച്ചെപ്പ്

രാവിലെ നേരത്തെ തന്നെ നാട്ടില്‍ നിന്നും പുറപ്പെട്ടത്‌ കൊണ്ടാണെന്ന് തോന്നുന്നു, എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. എങ്കിലും ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ചു തന്നെ അവരേയും പ്രതീക്ഷിച്ചു നിന്നു. ‘സാര്‍ ഒറ്റക്കാവുമോ വരിക?’. കുറച്ചു കാലങ്ങള്‍ ആയി അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ മിക്കപ്പോഴും ഒറ്റക്കാവും. വളരെ ചുരുക്കം ചിലപ്പോള്‍ ഭാര്യയും കൂടെ കാണാറുണ്ട്. കുട്ടികളെ ഒക്കെ കണ്ട കാലം മറന്നിരിക്കുന്നു. അവരുടെ രൂപം തന്നെ മനസ്സില്‍ നിന്നും മാഞ്ഞിരിക്കുന്നു. അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ, എത്ര കൗതുകം സമ്മാനിച്ച  മുഖം ആണെങ്കിലും കുട്ടികളുടെ ച്ഛായ നമ്മള്‍ പെട്ടെന്ന് മറക്കും.  പക്ഷെ ഇത്തവണ കുട്ടികളില്‍ ആരോ സാറിന്‍റെ കൂടെ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് മുരളിയേട്ടന്‍ പറഞ്ഞത്.

മുരളിയേട്ടനും കൃഷ്ണന്‍ സാറും ചെറുപ്പത്തിലെ വലിയ സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. രണ്ടു പേരും ജീവിതത്തില്‍ രണ്ടു വഴിക്ക് പോയി എന്നെ ഉള്ളു. കൃഷ്ണന്‍സാര്‍ സിവില്‍ സര്‍വീസ് പരീക്ഷ ഒക്കെ എഴുതി  പാസ്‌ ആയി വളരെ ചെറുപ്പത്തില്‍ തന്നെ നാട്ടില്‍ നിന്നും വിട്ടു പോയിരിന്നു. ഇന്ത്യയില്‍ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട് എന്നാണ് കേട്ടിടുള്ളത്. ഇപ്പോള്‍ സ്ഥിരമായി ഡല്‍ഹിയില്‍ തന്നെയാണ്. ഭാര്യ അവിടെ തന്നെ ഒരു ന്യൂസ്‌പേപ്പറില്‍ ചീഫ് എഡിറ്റര്‍ ആണ്, ജാനകി എന്നാണ് അവരുടെ പേര്. സാറിനു നാടിനോടു ഉള്ള പോലെയുള്ള അടുപ്പം ഒന്നും അവര്‍ക്ക് ഇല്ല, കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവര്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ വടക്കേ ഇന്ത്യയില്‍ തന്നെ ആയിരുന്നു…

View original post 853 more words

വിശ്വാസം അതല്ലേ എല്ലാം (പാര്‍ട്ട്‌ 2)

ഇതു കഴിഞ്ഞ കഥയുടെ തുടര്‍ച്ചയാണ്. അത് വായിക്കാത്തവര്‍ ഇവിടെ വായിക്കുക

അങ്ങനെ ആ സുദിനം എത്തി. ശ്രീയുടെ പെണ്ണ് കാണല്‍. കൊച്ചു വെളുപ്പാന്‍ കാലത്ത് ഫോണ്‍ റിംഗ് എന്നെ ഉണര്‍ത്തി.

“ഏത് പന്ന പാ പൂ മോനാ ശനിയാഴ്ച രാവിലെ മിനക്കെടുത്തുന്നത്” എന്നു വിചാരിച്ചു കൊണ്ട്, നമ്പര്‍ നോക്കാതെ ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു (കണ്ണ് തുറക്കാന്‍ ശ്രമിച്ചെങ്കിലും കണ്‍പീലി സമ്മതിക്കാത്തതിനാല്‍ നടന്നില്ല).

“ഹലോ ആരാ” ഞാന്‍ ചോദിച്ചു.

“എടാ ഇത് ഞാനാ ശ്രീ, നീ ഇത് വരെ എഴുന്നേറ്റില്ലേ?”
“നിനക്കെന്തിന്റെ അസുഖമാടെ ഇത്ര രാവിലെ?”

“അളിയാ സോറി, ഔചിത്യക്കാരന് ആവശ്യമില്ലലോ”

“എന്താടേ നിന്‍റെ പിരി ഇളകിയോ, പിച്ചും പേയുമൊക്കെ പറയുന്നു”

“അളിയാ മണി 8.30 ആയി, 9മണിക്ക് പോകാം എന്നല്ലേ പറഞ്ഞിരുന്നത്”

“8.30യോ, ആ നീ ഇപ്പൊ എവിടാ”

“തമ്പാനൂരില്‍”

“അവിടെ നിന്നോ, ഞാന്‍ ഒരു അര മണിക്കൂറില്‍ എത്താം” ഇത്രയും പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, എന്നിട്ട് തിരിഞ്ഞു കിടന്നുറങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണിലെ അലാറം കേട്ട് എഴുന്നേറ്റു, മണി 9 ആയി. ഫോണ്‍ അപ്പൊ തന്നെ സൈലന്റ് ആക്കി.
കുളിച്ചു കുറി തൊട്ടു തമ്പാനൂര്‍ എത്തിയപ്പോഴേക്കും മണി 10. അവന്‍ നില്‍ക്കാം എന്നു പറഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി ചുറ്റും നോക്കി പക്ഷെ അവനെ കണ്ടില്ല.

“അളിയാ” പെട്ടെന്ന് ഒരു ശബ്ദം.

ഞാന്‍ വിളി കേട്ടിടത്തേക്ക് നോക്കി,
അതാ നില്‍ക്കുന്നു നെറ്റിയില്‍ നാല് തരം കുറിയും, മുഖത്ത് കൂളിംഗ്‌ ഗ്ലാസും, പളുപളുപ്പന്‍ ജുബ്ബയും, ഷാളും, രണ്ടടി പൊക്കമുള്ള ഷൂസും ഇട്ടു ശ്രീ. ആ കോലം കണ്ട എനിക്ക് ചിരി അടക്കാനായില്ല.
“ഇതെന്താടാ ഫാന്‍സി ഡ്രെസ്സോ?”

“അനാവശ്യം പറയരുത്, ഇതെന്‍റെ സ്വന്തം ഡ്രെസ്സാ, എങ്ങനുണ്ട്?”

“ഈ കോലത്തിലാണോ നീ പെണ്ണ് കാണാന്‍ പോകുന്നത്”

“അതെന്താ ഇങ്ങനെ സിമ്പിളായി ഡ്രസ്സ്‌ ധരിക്കുന്ന ആണുങ്ങളെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാകില്ലേ, ഡോണ്ട് ദേ ലൈക്‌?”

“പക്ഷെ.., ഈ കോലത്തില്‍, നീ തനിയെ പോകത്തെ ഉള്ളു, ഞാന്‍ വരില്ല, ഊരി മാറ്റെടാ അവന്‍റെ അവിഞ്ഞ കൂളിംഗ് ഗ്ലാസും, കൂറ ഷാളും, എന്നിട്ട് ആ കുറിയും മായ്ക്ക്” ഞാന്‍ പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവന്‍ ഞാന്‍ പറഞ്ഞതനുസരിച്ച് വണ്ടിയില്‍ കയറി. ഞാന്‍ വണ്ടി നേരെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ട് നിറുത്തി.
“ഇറങ്ങെടാ”
“നമ്മളെന്താ ഇവിടെ”

“സിനിമ കാണാന്‍, എന്താ?, ഹോട്ടലില്‍ ഫുഡ്‌ കഴിക്കാനല്ലാതെ ക്രിക്കറ്റ്‌ കളിക്കാന്‍ പോകില്ലല്ലോ”

“എനിക്ക് വിശപ്പില്ല”

“നീ കഴിക്കണ്ട, ബില്ല് കൊടുത്താല്‍ മതി”

കഴിച്ചു കഴിഞ്ഞു വണ്ടിയില്‍ കയറാന്‍ നേരം ഞാന്‍ ചോദിച്ചു “നമുക്ക് എങ്ങോട്ടാ പോകേണ്ടതു?”

“ആദ്യം കഴക്കൂട്ടം, പിന്നെ ആറ്റിങ്ങല്‍”
“നീ എന്താടാ ജാഥക്ക് ആളെ എടുക്കാന്‍ പോകുന്നോ, പലയിടത്തു പോകാന്‍”

“അളിയാ പ്ലീസ്‌”

“ആ ശെരി”

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു വിട്ടു, അടുത്ത പെട്രോള്‍ പംബിലാണ് വണ്ടി നിറുത്തിയത്.
“300” പെട്രോള്‍ അടിക്കുന്ന പയ്യനോടു ഞാന്‍ പറഞ്ഞു.
“അളിയാ 200 പോരെ”

“നീ വരുന്നോ അതോ ഇറങ്ങുന്നോ?, ചിലക്കാതെ കാശു കൊടുക്കെടാ”

അവിടെന്നു നേരെ കഴക്കൂട്ടത്തേക്ക്.

കഴക്കൂട്ടം എത്താറയപ്പോള്‍ ഞാന്‍ ചോദിച്ചു “എവിടാടെ കറക്റ്റ് സ്ഥലം”

“കണാരന്‍ ലയിന്‍, ഹൗസ് നമ്പര്‍ 5”
വീട് തപ്പി പിടിച്ചു എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നു.
“എന്താടേ ഇത്?, ഇത് തന്നെയാണോ?”
“അളിയാ അത്, അടുത്ത ആഴ്ച വരാനാ പറഞ്ഞത്”

“ഫാ, അപ്പൊ ആറ്റിങ്ങലിലും ഇത് പോലാണോ”

“അല്ല, അവിടെ ഇന്നാണ് പോകേണ്ടതു”

അവനെ നാല് തെറി മനസ്സില്‍ വിളിച്ചു കൊണ്ട് ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.
ആറ്റിങ്ങല്‍ എത്താറായപ്പോള്‍ അവന്‍ ആരെയോ ഫോണില്‍ വിളിച്ചു സ്ഥലവും മറ്റും ചോദിച്ചു.

“ആരാടെ?” ഞാന്‍ ചോദിച്ചു

“മൂന്നാന്‍, അങ്ങേര്‍ നമ്മളെയും കാത്തു നില്‍ക്കുകയാണ്”

“എന്താ മൂന്നാന്‍റെ പേരു?”

“കേശവന്‍”
“നല്ല ബെസ്റ്റ് പേരു, നീ വഴി പറ”

അങ്ങനെ മൂന്നാന്‍ പറഞ്ഞ വീടിനു മുന്‍പില്‍ ഞങ്ങള്‍ എത്തി

അവിടെ അതാ ആറര അടി പൊക്കവും 200 കിലോ ഭാരവും തോന്നിക്കുന്ന ഒരു ആജാനഭാഹു (ആറടി പൊക്കവും 100 കിലോ തൂക്കവും ഉള്ള ഞാന്‍ അങ്ങേരുടെ മുന്നില്‍ ഒന്നുമല്ലായിരുന്നു)
“ഇങ്ങേരാണോ ഗുരുവായൂര്‍ കേശവന്‍, സാധ്യത ഇല്ലാതെ ഇല്ല”

വണ്ടി തണലത്ത് ഒതുക്കി നിറുത്തിയിട്ടു ഞാനും ശ്രീയൂം കൂടെ പുള്ളിയുടെ അടുത്ത് ചെന്നു.

“കേശവന്‍ ചേട്ടനല്ലേ, ഞങ്ങള്‍ അല്‍പം മുന്‍പ് വിളിച്ചിരുന്നു” ഞാന്‍ പറഞ്ഞു.

“ശ്രീകുമാറും, കൂട്ടുകാരനും അല്ലേ”പുള്ളി ചോദിച്ചു

“അതെ” ഞാന്‍ പറഞ്ഞു

” എന്താണാവോ കൂട്ടുകാരന്‍റെ പേരു”

“അബ്ദു” ശ്രീ പറഞ്ഞു.

“ശെരി, വരൂ”ഞങ്ങളെ അടി മുടി ഒന്ന് നോക്കിയിട്ട് പുള്ളി പറഞ്ഞു.

ഞങ്ങളെ അയാള്‍ കൂട്ടി കൊണ്ട് പോയത് അടുത്തുള്ള ഒരു തറവാട്ടിലേക്ക് ആയിരുന്നു.
“പണ്ട് ആനയുണ്ടായിരുന്ന തറവാടായിരുന്നു” മൂന്നാന്‍ പറഞ്ഞു.

(സിനിമകളില്‍ കേട്ടു ശീലിച്ച അതേ ഡയലോഗുകള്‍ അടങ്ങിയ ബടായി മൊത്തം ഇവിടെ പറയുന്നില്ല അതെല്ലാം അങ്ങേര് ഞങ്ങളോട് പറഞ്ഞു)

“വരൂ വരൂ, കയറി ഇരിക്കൂ” വീടിന്‍റെ ഉമ്മറത്ത്‌ നിന്ന കാര്‍ന്നോര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്ന കസേരയില്‍ ഞങ്ങള്‍ ഇരുന്നു.
മൂന്നന്‍ വീട്ടുകാരെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഞങ്ങളെ ക്ഷണിച്ച കാര്‍ന്നോര്‍ പെണ്ണിന്റെ മുത്തച്ഛന്‍ ആയിരുന്നു.
പിന്നെ പുള്ളിയുടെ വക കത്തി തുടങ്ങി (അങ്ങേരു എക്സ് മിലിട്ടറി ആയിരുന്നു, എന്തായിരിക്കും കത്തിയുടെ മൂര്‍ച്ച എന്നു നിങ്ങള്‍ ഊഹിച്ചോ). കേട്ട് കേട്ട് ക്ഷമ നശിച്ച ശ്രീ പറഞ്ഞു “പെണ്ണിനെ വിളിച്ചിരുന്നെങ്കില്‍..”
“പിന്നെന്താ, മോളെ ഇവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും എടുത്തോ”കാര്‍ന്നോര്‍ വീടിന്‍റെ അകത്തേക്ക് നോക്കി പറഞ്ഞു.
“ മോള്‍ടെ പേരു ശ്രീജ നായര്‍, വീട്ടില്‍ ശ്രീമോള്‍ എന്നു വിളിക്കും” എന്നു പറഞ്ഞു കൊണ്ട് പെണ്ണിന്റെ അച്ഛന്‍ കത്തി ഏറ്റെടുത്തു.

പെണ്‍കുട്ടി വലിയ കലാകാരി ആണെന്നും ഡാന്സിനും പാട്ടിനുമൊക്കെ ധാരാളം മടലുകള്‍ വാങ്ങി കൂട്ടിയെന്നും ഉള്ള സ്ഥിരം പല്ലവി മുതല്‍, പെണ്ണിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ സിനിമാക്കാര്‍ പിന്നാലെ വന്നു എന്നുള്ള ചരണം വരെ (നമ്മളെത്ര സിനിമ കണ്ടതാ).
അപ്പോഴേക്കും പെണ്‍കുട്ടി ചായയുമായി എത്തി.
ചായയുമായി വന്ന പെണ്‍കുട്ടിയെ കണ്ട ഞാന്‍ ഞെട്ടി.
മൈനയിലെ അമലപോളിനെ പോലുള്ള ഒരു പെണ്ണിനെ പ്രതീക്ഷിച്ചിരുന്ന എന്‍റെ മുന്‍പിലേക്ക് അതാ വരുന്നു ശരണ്യാമോഹനെ പോലെ ഒരു പെണ്ണ്. സുറുമ എഴുതിയ കണ്ണുകളും, തത്തമ്മ ചുണ്ടും …..(ബാക്കി സെന്‍സെര്‍ട്) എല്ലാമുള്ള ഒരു പെണ്‍കുട്ടി. ഇവള്‍ എന്ത് പാപം ചെയ്തു ഇവനെ കെട്ടാന്‍ എന്നു ഞാന്‍ ആലോചിച്ചു.
“നീ എന്താടാ സ്വപ്നം കാണുന്നോ?” എന്ന ശ്രീയുടെ ചോദ്യം കേട്ട് ഞാന്‍ അവനെ നോക്കി.

“പെണ്ണിനെ നോക്കെടാ ”എന്നു അവന്‍ കാതില്‍ മന്ത്രിച്ചു
ശരണ്യാമോഹനെ ഒരിക്കല്‍ കൂടി നോക്കിയ ഞാന്‍ ഞെട്ടി, ഞാന്‍ കണ്ടത് സ്വപ്നമായിരുന്നു. അതാ നില്കുന്നു ബിര്‍ളവൈറ്റ് വാള്‍ കെയര്‍ പുട്ടി അണിഞ്ഞ ഒരു അസ്ഥികൂടം (വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന സിനിമയില്‍ കണ്ട നാടക നടിയുടെ മകളെ പോലെ ഒരെണ്ണം).

“എന്താടെ ഇത്? ഈ കൊലത്തിനാണോ ഇത്രയും ബില്‍ഡ്അപ്പ്‌” ഞാന്‍ ശ്രീയോട് ചോദിച്ചു
“അളിയാ ഇതെങ്കില്‍ ഇത്, കുറേക്കാലം ആയി പെണ്ണ് കാണല്‍ തുടങ്ങിയിട്ട്” അവന്റെ മറുപടി.
“നിന്റെ ഇഷ്ടം”
“പെണ്ണിന് എന്നെ ഇഷ്ടപെട്ടോന്നു ചോദിക്ക്” ശ്രീ പറഞ്ഞു.

“നീ തന്നെ ചോദിച്ചാല്‍ മതി”

“ചോദിക്കുമെടാ ഞാന്‍ ചോദിക്കും”

“പെണ്‍കുട്ടിയുടെ അഭിപ്രായം പറഞ്ഞില്ല” എന്നു ശ്രീ വീട്ടകാരോട് പറഞ്ഞു.

ഇത് കേട്ടതും പെണ്ണ് “എനിക്കിഷ്ടായി ” എന്നു പറഞ്ഞിട്ട് വീടിന്‍റെ ഉള്ളിലേക്ക് പോയി

“അയ്യെടാ, എന്തൊരു നാണം മുരിങ്ങക്കോലിനു” ഞാന്‍ മനസ്സില്‍ കരുതി
അത് കഴിഞ്ഞപ്പോള്‍ പെണ്ണിന്‍റെ അപ്പനും അപ്പൂപ്പനും കൂടെ കത്തി തുടങ്ങി
അപ്പോള്‍ ഞാന്‍ വീടിനു ചുറ്റും കണ്ണോടിച്ചു ആദ്യം കണ്ണുടക്കിയത് ജനാലവഴി നോക്കുന്ന പെണ്ണില്‍ “ഇവളെന്തിനാ എന്നെ നോക്കുന്നത്, ആ, ഇവനെക്കാളും ഞാന്‍ സുന്ദരന്‍ ആയതിനാല്‍ ആയിരിക്കും”ഞാന്‍ കരുതി (പെണ്ണ് നില്‍കുന്ന ആംഗിളില്‍ നിന്ന് അവനെ കാണാന്‍ പറ്റില്ല)

പെട്ടെന്നാണ് ഞാന്‍ വേറെ ഒരു കാര്യം ശ്രദ്ധിച്ചത് വീട്ടുകാരുടെ എല്ലാവുരെടെയും ശ്രദ്ധ എന്നിലാണ്, ശ്രീയില്‍ അല്ല.
അതെന്‍റെ തോന്നലാണോ എന്നറിയാന്‍ ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഉള്ളത് മുതല്‍ ഉള്ള കാര്യങ്ങള്‍ റീപ്ലേ ചെയ്തു

പെട്ടെന്ന് മനസ്സില്‍ ഫ്ലാഷ് മിന്നി “അതെ, ഇത് അത് തന്നെ,ധരിക്കാവുന്നതില്‍ വെച്ചേറ്റവും മോശമായത്, തെറ്റിദ്ധാരണ”

വീട്ടില്‍ വന്നപ്പോള്‍ മുതല്‍ കല്യാണ ചെറുക്കന്‍ പറയേണ്ട ഡയലോഗുകള്‍ എല്ലാം പറഞ്ഞത് ഞാന്‍ ആയിരുന്നു. കൂട്ട് വന്നവന്‍ പറയേണ്ട ഡയലോഗുകള്‍ പറഞ്ഞത് ശ്രീയൂം.
“ചേട്ടാ, ഒന്ന് പുറത്തേക്കു വന്നേ” ഞാന്‍ മൂന്നാനോട് പറഞ്ഞു

അങ്ങനെ മൂന്നാനേയും,ശ്രീയേയു കൂട്ടി ഞാന്‍ പുറത്തിറങ്ങി

“ഇവിടെ ആരുടെ പെണ്ണ് കാണലാ നടക്കുന്നത്” ഞാന്‍ പുള്ളിയോട് ചോദിച്ചു
“ഹഹ ഇത് നല്ല കൂത്ത്‌, ഇയാളല്ലേ ചെറുക്കന്‍”

“ഡോ, ഇവനല്ല ചെറുക്കന്‍, ഞാനാ ശെരിക്കും ചെറുക്കന്‍” ശ്രീ മൂന്നനോട് പറഞ്ഞു
ഇത് കേട്ടു മൂന്നാന്‍ പൊട്ടി ചിരിച്ചു എന്നിട്ട് ശ്രീയോടായി പറഞ്ഞു “നീ ശെരിക്കും ചെറുക്കന്‍ തന്നെയാ, കൊച്ചു ചെറുക്കന്‍. , മുട്ടേന്ന് വിരിഞ്ഞില്ലല്ലോടാ പെണ്ണ് കെട്ടാന്‍, ഒരു മുസ്ലിം ആയ നീ, ഒരു നായര് പെണ്ണിനെ കെട്ടാന്‍ വന്നേക്കുന്നു, ഹും”

“ഡോ, ഞാനാ ശ്രീ, സംശയമുണ്ടേല്‍ എന്‍റെ വെബ്സൈറ്റ് ശ്രീമോന്‍ ഡോട്ട് കോം കാണിച്ചു തരാം” എന്നു പറഞ്ഞു കൊണ്ട് തന്റെ 10,000 രൂപ വിലയുള്ള ആണ്ട്രോയിട് ഫോണ്‍ എടുത്തു
ഇത് കണ്ടിട്ടാകണം മൂന്നാന്‍ തന്റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍5 എടുത്തു. അത് കണ്ട ഞാന്‍ ഞെട്ടി. മൂന്നാന് വരെ ഐഫോണ്‍5, കാലം പോയ പോക്കെ.

പെട്ടെന്ന് ഞാന്‍ ഇടപെട്ടു കൊണ്ട് മൂന്നനോട് പറഞ്ഞു “ഒരുകുന്തവും നോക്കണ്ട, ഇതാ എന്റെ ലൈസെന്‍സ്, ഞാന്‍ അബ്ദു, ഇവനാണ് ശ്രീ എന്ന ശ്രീകുമാരന്‍ നായര്‍”

പുള്ളി ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ടു എന്റെ ലൈസെന്‍സ് വാങ്ങി നോക്കി, എന്നിട്ട് ഒരു നെടുവീര്‍പ്പിട്ടു. അത് കഴിഞ്ഞു ഞങ്ങളോട് പറഞ്ഞു “ആ, ശെരി വാ ഞാന്‍ വീട്ടുകാരോട് പറയാം”

ഞങ്ങളെ നേരത്തെ ഇരുന്നയിടത്ത് ഇരുത്തിയിട്ട് പുള്ളി വീട്ടുകാരെ അകത്തേക്ക് വിളിച്ചു കാര്യം ധരിപ്പിച്ചു.

പെട്ടെന്ന് പെണ്ണ് പൊട്ടി തെറിച്ചു “ആ കുള്ളനെ കെട്ടാനൊന്നും എനിക്ക് പറ്റില്ല, അതിനേക്കാളും ഞാന്‍ തൂങ്ങി ചാവാം. ഇപ്പൊ ഇറക്കി വിടണം, രണ്ടിനേയും.”

ഇത് കേട്ട ഞാന്‍ പറഞ്ഞു “ശ്രീക്കുട്ടാ വിട്ടോടാ”

അപ്പോള്‍ തന്നെ ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി വണ്ടിയില്‍ കയറി സ്ഥലം വിട്ടു.

വണ്ടിയില്‍ പോകവേ ഞാന്‍ ശ്രീയെ സമാധാനിപ്പിക്കാനായി പറഞ്ഞു “പോട്ടെടാ, ആ മുരിങ്ങാക്കോല്‍ നിന്‍റെ തലയില്‍ ആവാത്തത് നന്നായി”

“സുരേഷ് ഗോപി എത്ര ഷിറ്റ് കണ്ടതാ മോനേ. നിനക്കറിയാമോ, ഇതെന്‍റെ മുപ്പതാമത്തെ പെണ്ണ് കാണലാ. ഇതിനെക്കാളും ഡമ്മി പീസുകള്‍ എന്നെ ഇതിനെക്കാളും മോശമായി പറഞ്ഞിരിക്കുന്നു. എനിക്ക് ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, നീ ആ പെണ്ണിനെ കെട്ടും എന്നു പറഞ്ഞില്ലല്ലോ, നീയാണെടാ ഫ്രണ്ട്”

“അതാരെങ്കിലും ചെയ്യുമോ, എന്നെ പറ്റി  നീ അങ്ങനെ ആണോ വിചാരിച്ചിരുന്നത്”

“അല്ലെടാ, ഇപ്പോള്‍ നമ്മുടെ വരുണ്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ ഞാന്‍ ഇത് പോലെ കാണാന്‍ പോയതാ, ഏതാണ്ട് ഇതേ മാതിരി സംഭവിച്ചപ്പോള്‍ അവന്‍ അവളെ കെട്ടാം എന്നു പറഞ്ഞു, ആഭാസന്‍”

“ആരു, നമ്മുടെ ഗന്ധര്‍വനോ? അവന്‍ സിക്സ്‌ പായ്ക്ക് കാട്ടി വളച്ചു എന്നാണല്ലോ പറഞ്ഞത്”

“അതെ അവന്‍ തന്നെ. സിക്സ് പായ്ക്ക് കാട്ടി തന്നെയാണ് വളച്ചത്‌, പക്ഷേ അത് എന്‍റെ കൂടെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ ആണ് എന്നു മാത്രം”

“ഓഹോ, അപ്പൊ അതാണ് അടയും ചക്കരെയും പോലിരുന്ന നിങ്ങള്‍ ഇപ്പോള്‍ മിണ്ടാത്തത്”

“അതെ”

“നീ അത് കള, നീ ആ നീതുവിന്റെ പിന്നാലെ നടന്നിട്ടെന്തായി”

“ഓ, എന്‍റെ കാശു പോകുന്നതല്ലാതെ അവള്‍ ഒന്നും പറയുന്നില്ല. അവിടെയും ആ പന്നന്‍ തന്നെയാണ് കുരിശു”

“നീ കിടന്നുരുളാതെ നേരിട്ട് അവളോട്‌ കാര്യം പറ, അത് നടക്കും എന്നു എനിക്ക് തോന്നുന്നു”.

“നീയാണെടാ കൂട്ടുകാരന്‍., നാളെ തന്നെ ഞാന്‍ അവളോട്‌ ഇത് പറയും, നീ വണ്ടി വിട്”

എന്നെങ്കിലും തനിക്കു പെണ്ണ് കിട്ടും എന്ന വിശ്വാസത്തില്‍ ശ്രീയും, അവന്‍ നാളെ നീതുവിനോട് തന്റെ ഇഷ്ടം പറയുമെന്നും, അങ്ങനെ അവനു തല്ലു കിട്ടുമെന്നും എന്ന വിശ്വാസത്തില്‍ ഞാനും വണ്ടിയില്‍ ഇരുന്നു

അടുത്ത ട്രാഫിക് സിഗ്നലില്‍ കിടന്നപ്പോള്‍ ഞാന്‍ അടുത്തുള്ള പരസ്യത്തിലേക്ക് കണ്ണോടിച്ചു അതിലെ വാചകം ഇതായിരുന്നു

“വിശ്വാസം അതല്ലേ എല്ലാം”

ശുഭം.

വിശ്വാസം അതല്ലേ എല്ലാം (പാര്‍ട്ട്‌ 1)

ഒരു വെള്ളിയാഴ്ച

പതിവുപോലെ രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തി കമ്പനി മെയില്‍ തുറന്ന ഞാന്‍ ഞെട്ടി  ഏതാണ്ട് 50 മെയില്‍

ഒന്നു കണ്ണോടിച്ചപ്പോള്‍ അതെല്ലാം ബഗ് റിപ്പോര്‍ട്ട്‌ ആണെന്ന് മനസ്സിലായി. തലേന്ന് എഫ്ബില്‍ തെറി വിളിച്ചതിനു ടെസ്റ്റര്‍ ഹരി പണി തന്നതാണ്. എന്നാലും ഇത്ര രാവിലെ അവന്‍ എങ്ങനെ ഇത്ര ബഗ് കണ്ടു പിടിച്ചു എന്നായി എന്റെ ചിന്ത.

ബഗ് മെയില്‍ എല്ലാം വേറെ ഫോള്‍ഡറിലേക്ക് മാറ്റിയപ്പോഴാണ്‌ വേറെയും രണ്ടു മെയില്‍ ഉണ്ടെന്നു കണ്ടത്. ഒന്ന് ടിഎല്‍ രാജുവിന്റെ വക മറ്റേതു സെര്‍വര്‍ ടീമിലെ മനുവിന്റെ വക.

ഒന്ന് തിരിഞ്ഞു നോക്കി രാജു സീറ്റില്‍ ഇല്ല, ഊണ് കഴിക്കാനും വീട്ടില്‍ പോകാനും, മീറ്റിംഗിനു പോകാനും മാത്രം സീറ്റില്‍ നിന്നും എഴുന്നേല്കുന്ന പതിവുള്ള ആളാണ്‌ ഇവനിതെവിടെപ്പോയി എന്നാലോചിച്ചു മെയില്‍ നോക്കി.

രാജു ഇന്ന് ലീവ് ആണെന്നും ക്ലയന്റിനു ഇന്ന് വൈകുന്നേരം ഞാന്‍ ബില്‍ഡ് അയക്കണമെന്നും ആണ് മെയിലില്‍..

‘പണി പാളി, ഇന്ന് വീട്ടില്‍ പോക്കില്ല’ ഞാനുറപ്പിച്ചു. അടുത്ത മെയില്‍ നോക്കിയ എന്റെ കണ്ണുകള്‍ വിടര്‍ന്നു സെര്‍വര്‍ സൈഡില്‍ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നും നാളെയേ അത് ശെരിയാകൂ എന്നും പറഞ്ഞായിരുന്നു ആ മെയില്‍.

അപ്പൊ അതാണ് ഇത്രയും ബഗ് വന്നത്, ഹരിയുടെ തലമണ്ട നോക്കി രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു. വിവരം അപ്പൊ തന്നെ രാജുവിനെ വിളിച്ചറിയിച്ചു, അല്‍പം കഴിഞ്ഞു തിരിച്ചു വിളിക്കാം എന്നു പറഞ്ഞു രാജു കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിട്ട് കഴിഞ്ഞില്ല ധാ വരുന്നു പിഎമ്മിന്റെ മെയില്‍. ഇന്ന് ബില്‍ഡ് അയക്കേണ്ട എന്നായിരുന്നു മെയിലില്‍… .

‘ഒരു മാതിരി യുണിവേര്സിറ്റി എക്സാം പാസ്സായ സന്തോഷം’.

അപ്പോഴാണ് ഹരിയുടെ കാര്യമോര്‍ത്തത് അവന്‍റെ ഒരു ബഗ്. സെഷണല്‍ അണ്ടര്‍ ആക്കിയ പേപ്പര്‍ പാസായി കഴിയുമ്പോള്‍, അണ്ടര്‍ ആക്കിയ സാറിനെ കാണാന്‍ പോകുന്ന അതെ ഭാവത്തില്‍ ടെസ്റ്റര്‍ ക്യാബിന്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. ക്യാബിനില്‍ എത്തിയപ്പോഴാണ് ഹരി അന്ന് ലീവ് ആണെന്നും അവന്‍റെ സ്ഥിരം വാലും ചുക്കും ചുണ്ണാമ്പും പോലും തിരിച്ചറിഞ്ഞൂടാത്ത ടെസ്റ്റര്‍ ആയ മനോജ്‌ ആണ് ബഗ് ഇട്ടതെന്ന് മനസ്സിലായത്.

പാവം ഹരി വെറുതെ അവനെ സംശയിച്ചു  അവനെ വിളിക്കാനുള്ള തെറി ഫോണില്‍ മെസ്സേജ് അയി സേവ് ചെയ്തു വെച്ചു, ഈ തിരക്കിനിടയില്‍ എങ്ങാനും മറന്നു പോയാലോ, എപ്പോഴാണ് ആവശ്യം വരിക എന്നറിയില്ലാലോ. മനോജിനെകൊണ്ട് ഒരു വിധം എല്ലാ ബഗും ക്ലോസ് ചെയ്യിച്ചു തിരിച്ചു സീറ്റില്‍ വന്നിരുന്നു.

വേറെ പണി ഒന്നുമില്ലാത്തതിനാലും ഓഫീസില്‍ എഫ്ബി ബ്ലോക്ക്‌ ചെയ്തതിനാലും ട്വിട്ടറില്‍ അയി ശ്രദ്ധ. പെട്ടെന്ന് ചായ കുടിക്കാന്‍ പോയാലോ എന്നൊരു അശിരീരി കേട്ടു. ശബ്ദം കേട്ടിടത്തേക്ക് നോക്കി, തൊട്ടടുത്തിരിക്കുന്ന നാലടി നാലിഞ്ചു പൊക്കവും നാല്‍പതു കിലോ തൂക്കവുമുള്ള ശ്രീയാണ്(ശെരിക്കുള്ള പേരു ശ്രീകുമാരന്‍ നായര്‍, പക്ഷെ അവന്‍ അവനെ വിളിക്കുന്നത്‌ ശ്രീമോന്‍ എന്നാണ്. ഒരു മാതിരി കുഞ്ഞിക്കൂനനിലെ വിമല്‍ കുമാര്‍ സ്റ്റൈല്‍)))) ))), അതേ പേരില്‍ സൈറ്റ് ഒക്കെ വാങ്ങിച്ചിട്ടുണ്ട്. ഓഫീസില്‍ ശ്രീ, ശ്രീകുട്ടന്‍ എന്നിങ്ങനെ പല പേരിലും അറിയപ്പെടും)

കണ്ടാല്‍ സ്കൂളില്‍ പടിക്കുവാണെന്ന് തോന്നുമെങ്കിലും മുപ്പതിനടുത്തു പ്രായം വരും സത്രീക്കുട്ടന് സോറി ശ്രീക്കുട്ടന്. ആളു പഞ്ചാര വീരനാണെങ്കിലും പാഷാണത്തില്‍ ക്രിമിയാണ്, കൂടെ നിന്ന് കാലു വരുന്നതില്‍ കേമന്‍..

എന്തോ പണി തരാനുള്ള സെറ്റപ്പ് ഞാന്‍ മണത്തു.

“ഇപ്പോഴോ?” കമ്പ്യൂട്ടറില്‍ സമയം നോക്കി കൊണ്ട് ഞാന്‍ ചോദിച്ചു.

“അതെ” എന്നു ശ്രീകുട്ടന്‍.. .

എന്തായാലും അവന്റെ ഒരു ആഗ്രഹമല്ലേ പോയേക്കാം എന്നു ഞാനും വിചാരിച്ചു. അങ്ങനെ പാന്‍ട്രി ലക്ഷ്യമാക്കി അവന്റെ ഒപ്പം ഞാന്‍ നടന്നു.

അവന്‍ റൂട്ട് മാറ്റി പുറത്തേക്കു നടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു “നീ പുറത്താണോ പോകുന്നത്?”.

“അതെന്താ ഞാന്‍ പുറത്തു നിന്ന് ചായ കുടിച്ചാല്‍ ഇറങ്ങില്ലേ?” അവന്റെ മറു ചോദ്യം.

“ഇത് നല്ല കൂത്ത്‌ ബസിനു അഞ്ചു രൂപ കൊടുക്കാന്‍ മടിച്ചു ദിവസവും അഞ്ചു കിലോമീറ്റര്‍ നടക്കുന്നവനാ ശ്രീക്കുട്ടന്‍ അവനിപ്പോള്‍ ഏഴു രൂപ കൊടുത്തു പുറത്തു നിന്ന് ചായ കുടിക്കാന്‍ പോകുന്നു” ഞാന്‍ മനസ്സില്‍ കരുതി.

“ശെരി വാ” എന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവനൊപ്പം പുറത്തേക്കു നടന്നു. സ്ഥിരം ചായ കുടിക്കുവാന്‍ വേണ്ടി പോകുന്ന ചായക്കട ലക്ഷ്യമാക്കി നടന്നു

അപ്പോള്‍ അവന്‍ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു “നമുക്ക് കഫെ ജുനോയില്‍ പോയാലോ”.

അത് കേട്ട ഞാന്‍ എന്‍റെ കരണത്തു അടിച്ചു, വേദനികുന്നുണ്ട്, അപ്പൊ സ്വപ്നമല്ല. ദിവസവും ഇരുപതു രൂപ ലാഭിക്കാനായി തൊട്ടടുത്ത കാന്റീനിലെ പന്ന ഊണ് കഴിക്കുന്നവനാ (മറ്റു കടകളില്‍ നാല്‍പതു രൂപയ്ക്കു നല്ല ഊണ് കിട്ടും) ഇപ്പൊ കട്ടന്‍ കാപ്പിക്ക് പോലും നാല്‍പതു രൂപ വാങ്ങിക്കുന്ന കഫെ ജുനോയില്‍ പോകാന്‍ പോകുന്നു.

“എന്റെ കൈയില്‍ കാശില്ല” ഞാന്‍ പറഞ്ഞു.

“കാപ്പിയുടെ കാശു ഞാന്‍ കൊടുത്തോളാം” എന്ന അവന്റെ മറുപടി കേട്ട് ഞാന്‍ നെഞ്ചത്ത് കൈവെച്ചു കുറേ നേരമായി മാലപ്പടക്കത്തിനു തീ പിടിച്ചപോലെ ഞെട്ടാന്‍ തുടങ്ങിയിട്ട് നെഞ്ച് അവിടെ തന്നെയുണ്ടോ എന്നുറപ്പ് വരുത്തിയിട്ട് ഞാന്‍ അവനൊപ്പം നടന്നു.

രണ്ടു കോള്‍ഡ് കോഫി, അവന്‍ കടയില്‍ കയറിയ പാടെ ഓര്‍ഡര്‍ ചെയ്തു. ഞാന്‍ പതിയ വിലപ്പട്ടികയിലേക്ക് കണ്ണോടിച്ചു  കോള്‍ഡ് കോഫി എണ്‍പത് രൂപ. അപ്പോള്‍ ഞാന്‍ മൂന്നാലൊന്ന് ഉറപ്പിച്ചു ഒന്നുകില്‍ ഇവന് പ്രാന്തായി അല്ലെങ്കില്‍ ഞാന്‍ സ്വപ്നം കാണുകയാണ് അതുമല്ലെങ്കില്‍ വേറെ ആരോ ഇവനെ തല്ലും എന്നു പറഞ്ഞിട്ടുണ്ട്, അത് തടയാന്‍ എന്നെ ഉപോഗിക്കുവനുള്ള സോപ്പാണ് ഇത്.

എന്റെ മുഖ ഭാവം കണ്ടിട്ടാവണം അവന്‍ പറഞ്ഞു “അളിയാ നിന്‍റെ ഒരു സഹായം വേണം” അത് കേട്ട ഞാന്‍ ഉറപ്പിച്ചു സംഗതി തല്ലു കേസ് തന്നെ. ഇവന്‍ പിന്നാലെ നടക്കുന്ന നീതുവിന്‍റെ വീട്ടുകാരുടെ കൊട്ടേഷന്‍ ആണോ? ഞാന്‍ മൊത്തത്തില്‍ കുഴപ്പത്തിലായി.

“എന്താ കാര്യം?” ഞാന്‍ ചോദിച്ചു

“നാളെ നീ ഫ്രീ ആണോ?” അവന്റെ മറുചോദ്യം. അപ്പോഴേക്കും കോള്‍ഡ്‌ കോഫി എത്തി കോഫി ഒരു സിപ് എടുത്തതിനു ശേഷം ഞാന്‍ പറഞ്ഞു “നീ കാര്യം പറ”.

“നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം നീ ഫ്രീ ആണോ, നിന്റെ ബൈക്കില്‍ പോകാം എന്നാണ് ഞാന്‍ ആലോചിക്കുന്നത്” എന്ന ശ്രീക്കുട്ടന്‍.

“ങേ എവിടെ പോകാന്‍?” ഞാന്ചോദിച്ചു.

“അളിയാ അതെ പിന്നെ”

“എന്താടാ കിടന്നുരുളുന്നതു ?”

“നാളെ പെണ്ണ് കാണാന്‍ പോകണം, ഒറ്റയ്ക്ക് പോകാന്‍ എന്തോ ഒരു മടി, നിനക്ക് എന്റെ കൂടെ വരാമോ?”

“ആ ആലോചിക്കാം ”

“അളിയാ പ്ലീസ്‌, നിന്നെ അല്ലാതെ ഇവിടുള്ള ഒരുത്തനേം കൊണ്ട് പോകാന്‍ പറ്റില്ല. നീ പറ്റില്ല എന്നു പറയരുത്”
“ശെരി ഞാന്‍ വരാം, പക്ഷെ വണ്ടിയുടെ പെട്രോള്‍ നീ അടിക്കണം, പിന്നെ നാളെ ഉച്ചത്തെ ഫുഡും, എന്ത് പറയുന്നു?”

“അതൊക്കെ ഓക്കേ, പക്ഷെ ഒരു കണ്ടിഷന്‍”
“എന്തു?”

“ഇക്കാര്യം വേറെ ആരും അറിയരുത്”

“ശെരി, നീ കാപ്പി കുടിക്കു”
അപ്പോള്‍ വെയിറ്റര്‍ “സര്‍, ബില്ല്”

“എനിക്ക് വേണ്ട ഇവനെ കൊടുത്തേരെ” എന്നു പറഞ്ഞിട്ട് ഞാന്‍ എഴുന്നേറ്റു
“അളിയാ നിക്ക്” കാപ്പിയുടെ കാശ് കൊടുക്കവേ ശ്രീ പറഞ്ഞു.

ഒന്നുമിലെങ്കിലും കാപ്പി വാങ്ങിതന്നതല്ലേ നിന്നേക്കാം എന്നു ഞാന്‍ കരുതി.

അങ്ങനെ പിറ്റേന്ന് പെണ്ണ് കാണാന്‍ പോകാന്‍ കൂട്ട് കിട്ടിയ സന്തോഷത്തില്‍ അവനും പിറ്റേന്നത്തെ ചെലവ് മൊത്തം അവന്റെ തലയില്‍ വെക്കാം എന്ന സന്തോഷത്തില്‍ ഞാനും ഓഫീസിലേക്ക് നടന്നു

വിശ്വാസം അതല്ലേ എല്ലാം